അഹമ്മദാബാദിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വേദനയോടെ മടങ്ങേണ്ടി വന്നെങ്കിലും ഇന്ത്യൻ ടീം ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന അഭിനന്ദനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജ്യത്തിന്റെ മുഴുവൻ വിഷമത്തിൽ പങ്കുചേർന്ന് കൊണ്ട് സുരേന്ദ്രൻ രംഗത്തെത്തിയത്.
‘ലോകമേ ഞങ്ങൾ തിരിച്ചുവരും. ഭാരതത്തിന്റെ വീരപുത്രർ ഈ കപ്പ് അർഹിച്ചിരുന്നു. മറക്കാൻ കഴിയാത്ത ഒരു മോശം ദിവസമാണിതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസ്‌ട്രേലിയ ആറാം തവണയും ലോകകിരീടം നേടിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി ഹെഡ് മാറി. 4-ാം ഓവറിൽ 95-ാം പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. പരാജയത്തിനിടയിലും ഇന്ത്യൻ ടീമിന്റെ ഇതുവരെയുള്ള കുതിപ്പിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.