പത്തനംതിട്ട: മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിയുമായി ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാർ. ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ദേവസ്വം മെസിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. മെസിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള ലേല നടപടികൾ വൈകിപ്പിച്ചതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണമെന്നാണ് ഉയരുന്ന ആരോപണം.
വിവിധ ജില്ലകളിൽ നിന്നായി നൂറോളം പേരാണ് ശബരിമലയിൽ ജോലി ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചഭക്ഷണത്തിന് രസവും ഒരു കറിയും മാത്രമാണുള്ളത്. അത് പോലും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. സാധനങ്ങൾ വാങ്ങി നൽകുന്നതിനുള്ള ലേല നടപടികൾ ദേവസ്വം കമ്മീഷണർ താമസിപ്പിച്ചതാണ് ഇതിന് കാരണമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.
ശബരിമല ജീവനക്കാർക്കുള്ള ഭക്ഷണത്തിന്റെ മെനു ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നാൽ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഭക്ഷണങ്ങളാണ് ദേവസ്വം ബോർഡ് ജീവനക്കാർക്ക് നൽകുന്നത്. നേരത്തെയും ശബരിമലയിലെ കരാർ ജീവനക്കാർക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതികൾ ഉയർന്നിരുന്നു. കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ ജനം ടിവിയോട് വ്യക്തമാക്കിയിരുന്നു.