ആരാധകരേറെയുള്ള പ്രമുഖ വാഹനമാണ് റോബിൻ എന്ന് വേണമെങ്കിൽ പറയാം. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും അങ്കത്തിനിറങ്ങിയിട്ട് കുറച്ച് നാളുകളായി. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ റോബിൻ നിരത്തിലിറങ്ങിയെങ്കിലും പോര് മുറുകുകയാണ്. ഒടുവിൽ തമിഴ്നാട് പോലീസ് റോബിനെ കസ്റ്റഡിയിലെടുത്തു. ആരുടെ ഭാഗത്താണ് സത്യമെന്നത് സംശയത്തിന്റെ നിഴലിലാണ്. അതിനുള്ള ഉത്തരം തരേണ്ടത് ഹൈക്കോടതിയാണ്.
രണ്ട് തരത്തിലുള്ള വാഹനങ്ങളാണ് രാജ്യത്ത് ഓടുന്നത്. കോൺട്രാക്ട് കാരിയേജും സ്റ്റെയ്ജ് കാരിയേജും.
കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾ:-
മുൻകൂർ വാടകയ്‌ക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുക്കുന്ന തരം വാഹനങ്ങളാണ് കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾ. ഇവ ബോർഡ് വെച്ച് ട്രിപ്പ് നടത്താൻ പാടില്ല. യാത്രയ്‌ക്കിടയിൽ സ്റ്റാൻഡിൽ കയറുകയോ ഓരോ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി ഇറക്കുകയോ, ടിക്കറ്റുകൊടുത്ത് പണം വാങ്ങുകയോ ചെയ്യാനും അനുവാദമില്ല.
സ്റ്റെയ്ജ് കാരിയേജ് വാഹനങ്ങൾ:-
രാപാകലില്ലാതെ ബോർഡ് വെച്ച് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി പോകാൻ കഴിയുന്ന വാഹനങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. വിദ്യാർത്ഥികൾക്കും ദിവ്യാംഗർക്കും മറ്റുമുള്ള യാത്രസൗകര്യങ്ങൾ നൽകാനും ഇവർ ബാധ്യസ്ഥരാണ്.
സ്റ്റെയ്ജ് കാരിയേജിന് താത്കാലികമായി സ്പെഷ്യൽ കോൺട്രാക്ട് കാരിയേജ് പെർമിറ്റ് ലഭിക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കോൺട്രാക്ട് കാരിയേജുകൾക്ക് താത്കാലികമായി പോലും സ്റ്റെയ്ജ് കാരയിയേജ് പെർമിറ്റ് നൽകാൻ അനുവാദമില്ല.
അടുത്തിടെയാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം നിലവിൽ വരുന്നത്. നേരത്തെ, കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ടൂറിസ്റ്റ് ബസ്സുകൾ ഓടിയിരുന്നത്. അപ്പോൾ പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്‌ക്കണമായിരുന്നു. ഈ അസൗകര്യം ഒഴിവാക്കാനാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ആവിഷ്കരിച്ചത്. ഇതുപ്രകാരം, മൂന്ന് ലക്ഷം രൂപ വർഷം പെർമിറ്റ് ഫീസ് അടച്ചാൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലൂടെയും ടൂറിസ്റ്റ് ബസ് ഓടിക്കാം.
ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോൺട്രാക്ട് കാരിയേജ് ആയ തന്റെ ബസ്സിനെ, ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി സ്റ്റെയ്ജ് കാരിയേജ് പോലെ ഓടിക്കാം എന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നത്. എന്നാൽ നിയമം ഇങ്ങനെ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് എംവിഡിയുടെ വാദം.