ന്യൂഡൽഹി: നടി തൃഷയ്‌ക്കെതിരെ അശ്ലീല പാരമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. സെക്ഷൻ 509 ബി ചുമത്തി നിയമനടപടി സ്വീകരിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷൻ അറിയിച്ചു. ഇത്തരം പ്രതികരണങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിസാരവത്കരിക്കുന്നതാണെന്നും സംഭവത്തെ അപലപിക്കുന്നതായും കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ വിവാദ പരാമർശം. ലിയോയിൽ അഭിനയിക്കാനായി ക്ഷണിച്ചപ്പോൾ തൃഷയോടൊപ്പമുള്ള ഒരു കിടപ്പറ രംഗം താൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല സിനിമയിൽ വില്ലൻ വേഷം പോലും തനിക്ക് കിട്ടിയില്ലെന്നും അഭിമുഖത്തിൽ മൻസൂർ പറഞ്ഞു. വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മൻസൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമർശം എന്നായിരുന്നു തൃഷയുടെ പ്രതികരണം. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. തൃഷയ്‌ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു.
എന്നാൽ താമാശ രൂപേണയായിരുന്നു തന്റെ പ്രതികരണമെന്നും അഭിമുഖത്തിന്റെ ചിലഭാഗങ്ങൾ എടുത്ത് ചിലർ പ്രചരിപ്പിക്കുകയാണെന്നും മൻസൂർ അലിഖാൻ പ്രതികരിച്ചു. താൻ മുൻപും നിരവധി മുൻനിര നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, തന്റെ കൂടെ പ്രവർത്തിച്ച ഓരോരുത്തർക്കും താൻ എത്തരക്കാരൻ ആണെന്ന് അറിയാം. താൻ സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന ആളാണെന്നും മൻസൂർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് ഖുശ്ബു ഉറപ്പ് നൽകിയിരുന്നു.