കാബുൾ: അഫ്ഗാനിലെ ഹെറാത്തിൽ ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവ് ലോക പ്രശസ്തമാണ്. ഇത്തവണയാണെങ്കിൽ നല്ല വിളവെടുപ്പും ഉണ്ടായി. ഗുണനിലവാരത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കുങ്കുമപ്പൂവിന് ആവശ്യക്കാരില്ലാത്തതിനാൽ ദുരിതത്തിലാണ് ഇവിടത്തെ കർഷകരെന്ന് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ അഫ്ഗാന്റ നിയന്ത്രണം കൈയടക്കുന്നതിന് മുമ്പ് ഉത്പാദനത്തിൽ നല്ലൊരു ശതമാനവും കയറ്റുമതി ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് കയറ്റുമതി നടക്കുന്നില്ല. ആഭ്യന്തര വിപണയിൽ ഇതിന് ആവശ്യക്കാരുമില്ല, ജനങ്ങളുടെ കൈയിലാണെങ്കിൽ ഭക്ഷണം വാങ്ങാൻ പോലും പണവുമില്ല, പിന്നെ ആര് വാങ്ങുമെന്ന് കുങ്കുമപ്പൂവ് ഉൽപ്പാദിപ്പിക്കുന്ന കമ്പനിയുടെ തലവൻ നസീർ അഹ്മദ് നബിൽ പജ്‌വോക്ക് പറയുന്നു.
ഹെറാത്തിൽ നിന്നുള്ള കുങ്കുമപ്പൂവിന് അയൽ രാജ്യങ്ങളിൽ വൻ ഡിമാന്റുണ്ടെന്ന് അഹമ്മദ് ഉറപ്പിച്ചു പറയുന്നു. വ്യവസായ സംരംഭകർക്ക് സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കാൻ അന്താരാഷ്‌ട്ര വിസ ലഭ്യമാക്കണമെന്നാണ് താലിബാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ല. കുങ്കുമപ്പൂവിന്റെ വില മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, അഫ്ഗാനിലെ കുങ്കുമം കർഷകർ ഇപ്പോഴും ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഹെറാത്ത് കുങ്കുമപ്പൂവിനെ ആഗോള ബ്രാൻഡാക്കി കുങ്കുമപ്പൂ കർഷകരെയും കയറ്റുമതിയെയും താലിബാൻ പിന്തുണയ്‌ക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
മികച്ച ഗുണനിലവാരവും ഔഷധ ഗുണവും കാരണം, അയൽ രാജ്യങ്ങളിലെ ഹെറാത്തിന്റെ കുങ്കുമപ്പൂവ് വളരെയധികം ആവശ്യക്കാരുണ്ട്. എന്നാൽ കയറ്റുമതി നടക്കാത്തതിനാൽ നല്ലൊരു ഭാഗവും നശിച്ചു പോകുന്നത് പതിവാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണ്. ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾക്ക് പോലും ദൗർലഭ്യം നേരിടുകയാണ്. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് നല്ലൊരു ശതമാനം സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലുമാണ്















