ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിനെ (unidentified flying object -UFO) കണ്ടതായി റിപ്പോർട്ട്. യുഎഫ്ഒ പ്രത്യക്ഷപ്പെട്ട വ്യോമപരിധിയിലേക്ക് രണ്ട് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ച് വ്യോമസേന പരിശോധന നടത്തി. ഹസിമാരാ വ്യോമതാവളത്തിൽ നിന്നാണ് യുദ്ധവിമാനങ്ങൾ അയച്ചത്.
സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ഇരുവിമാനങ്ങളും വ്യോമതാവളത്തിൽ തിരിച്ചെത്തി. എന്നാൽ ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ഒരു യുദ്ധവിമാനം വീണ്ടും അയച്ചു. അജ്ഞാത വസ്തു തെളിഞ്ഞ മേഖലയിലോ പരിസര പ്രദേശങ്ങളിലോ ഒന്നും തന്നെ കണ്ടെത്താതിരുന്നതിനാൽ രണ്ടാമത് പരിശോധനയ്‌ക്ക് അയച്ച വിമാനവും വ്യോമതാവളത്തിലെത്തി.
യുഎഫ്ഒ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ വ്യോമപ്രതിരോധ പ്രതികരണ സംവിധാനം ആക്ടീവ് ആയിരുന്നു. ഇതേതുടർന്നാണ് വ്യോമസേന നടപടി സ്വീകരിച്ചതെന്ന് ഈസ്റ്റേൺ കമാൻഡ് അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇംഫാൽ എയർപോർട്ടിന് സമീപമുള്ള വ്യോമപരിധിയിൽ നഗ്നനേത്രങ്ങളാൽ കഴിയുന്ന വിധത്തിൽ യുഎഫ്ഒ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് എയർപോർട്ടിന്റെ പ്രവർത്തനം കുറച്ചുമണിക്കൂറുകൾ തടസപ്പെട്ടിരുന്നു.















