മുംബൈ: അധോലോക നായകൻ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി റിയാസ് ഭാട്ടിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ജയിലിൽ നിന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാട്ടിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്‌ക്കൽ, ക്രിമിനൽ ഭീഷണി, ക്രിമിനൽ പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. നിലവിൽ മോഷണ കേസിൽ ജയിലിൽ കഴിയുകയാണ് ഇയാൾ
2022 ജൂൺ മുതൽ നവംബർ 4 വരെ ഭാട്ടിയും അടുത്ത കൂട്ടാളികളും ചേർന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതായി ഒരു അബ്കാരി കേസിലെ സാക്ഷി പറഞ്ഞു.. മൊഴി നൽകാൻ കോടതിയിൽ പോകരുതെന്നും അഥവാ പോയാൽ തന്നെ ഭാട്ടിക്ക് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ വ്യക്തമാക്കി. ഖാർ പോലീസ് റിയാസ് ഭാട്ടിക്കും അടുത്ത ബന്ധുക്കൾക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദാവൂദ് ഇബ്രാഹിമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാസംഘ തലവനായ റിയാസ് ഭാട്ടി കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, വെടിവയ്പ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഭീകരനായ മുന്ന യാദവിന്റെ അടുത്ത സഹായി കൂടിയാണ് ഭാട്ടിയെന്ന് പോലീസ് പറയുന്നു. മുംബൈയിലെ ഗോരേഗാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റ് ഉടമകൾ എന്നിവരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നു. മുൻപ് റിയാസ് ഭാട്ടി ബലാത്സംഗം ചെയ്‌തുവെന്ന് ആരോപിച്ച് മുൻ ഭാര്യ റെഹ്‌നുമ മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു















