തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാജ ഐഡി കാർഡ് നിർമ്മിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും ഷാഫി പറമ്പിലും കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവും ചേർന്നാണ് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വ്യാജ ഐഡി കാർഡ് നിർമ്മാണ കേസ് പറഞ്ഞ് കേട്ടതിനേക്കാൾ അതീവ ഗുരുതരമായി ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കുറ്റമാണിത്. കേരളത്തിലും കർണാടകയിലുമുള്ള ഉന്നത കോൺഗ്രസ് നോതാക്കന്മാരുടെ അറിവോടുകൂടയാണ് ഇത് സംഭവിച്ചത്. മൊബൈൽ ആപ്പ് സംഘടിപ്പിച്ചതിന് പിന്നിലും ഷാഫി പറമ്പിലും കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവുമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം’.
ഇതുവരെ ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ശക്തമായ നിലയിൽ തന്നെ നടക്കണം. ഇതൊരു കക്ഷി രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കമല്ല. ഏറ്റവും ഗൗരവകരമായിട്ടുള്ള കാര്യം എന്തെന്നാൽ രാഹുലിനും കെ സി വേണുഗോപാലിനും ഇതെല്ലാം അറിയാം. രാഹുലിന് ഇതുമായി ബന്ധപ്പെട്ട് പരാതികളും ലഭിച്ചിട്ടുണ്ട്. എന്നിട്ടും വിഷയത്തിൽ രാഹുൽ ഗാന്ധി മൗനംപാലിക്കുകയാണ്. വി ടി സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പോലും ഇതിനകത്ത് പ്രവർത്തിച്ചതായാണ് ആരോപണങ്ങൾ ഉയരുന്നത്. ഇതൊരു വലിയ പ്രശ്നമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. സംസ്ഥാന പോലീസിന് അന്വേഷിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കേന്ദ്ര ഏജൻസികളെ കൂടി ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.















