ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണമാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ 2+2 മന്ത്രിതല ചർച്ചയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം തങ്ങളുടെ പ്രയോജനത്തിന് മാത്രമായല്ല മറിച്ച് ഇന്തോ-പസഫിക്ക് മേഖലയുടെ മുഴുവൻ സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിക്കും. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതിക വിദ്യ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും വലിയ അടുപ്പമുണ്ടാക്കിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഉച്ചകോടിളിലും ജി20യിലും ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പങ്കെടുത്തപ്പോഴെല്ലാം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഇന്ത്യ- ഓസ്‌ട്രേലിയ പ്രതിരോധ പങ്കാളിത്തം ഇന്തോ- പസഫിക്ക് മേഖലയിലെ ഇരുരാജ്യങ്ങുടെയും വളർച്ചയ്്കും സഹകരണത്തിനും വഴിതിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
2+2 മന്ത്രിതല സംഭാഷണം ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാന ശിലയാണ്. ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് പുരോഗതി നേടാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















