ചെന്നൈ: തൃഷയ്ക്കെതിരായ അശ്ലീല പാരമശം നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് നടൻ മൻസൂർ അലി ഖാൻ. ഇന്ന് രാവിലെ പത്തുമണിക്ക് ചെന്നൈയിലാണ് വാർത്താ സമ്മേളനം. വിഷയത്തിൽ നിയമനടപടി ഉറപ്പായിട്ടും ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ മൻസൂർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് നടൻ മാദ്ധ്യമങ്ങളെ കാണുന്നത്.
താൻ തമാശ രൂപേണയാണ് പരാമർശം നടത്തിയതെന്നായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള മൻസൂർ അലി ഖാന്റെ പ്രതികരണം. നിരവധി മുൻനിര നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവർക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകിയത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മൻസൂർ അലി ഖാൻ കഴിഞ്ഞദിവസം പറഞ്ഞു.
വിഷയത്തിൽ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷൻ നിയമ നടപടി സ്വീകരിക്കാൻ ഡിജിപിയോട് നിർദ്ദേശിക്കുകയും ചെയ്തു. മൻസൂർ അലിഖാന്റെ പരാമർശത്തെ അപലപിച്ച കമ്മീഷൻ പരാമർശം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
വിഷയത്തിൽ സിനിമ ലോകം ഒന്നടങ്കം തൃഷയ്ക്ക് പിന്തുണ അറിയിച്ചു. സംവിധായകൻ ലോകേഷ് കനകരാജാണ് ആദ്യം പിന്തുണയുമായി എത്തിയത്. പിന്നാലെ നടികർ സംഘവും നടിക്ക് പിന്തുണയുമായെത്തി. നടി മാളവിക, ഗായിക ചിന്മയി തുടങ്ങിയ പ്രമുഖരും തൃഷയ്ക്ക് പിന്തുണ അറിയിച്ച് പരസ്യപ്രതികരണവുമായി രംഗത്തുവന്നു.