എറണാകുളം: ജനപ്രിയ നോവലിസ്റ്റും, ആദ്യകാല സിനിമ പ്രവർത്തകനുമായിരുന്ന എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയ്‌ക്ക് ഹൃദയരോഗത്തെ തുടർന്നാണ് അന്ത്യം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മലയാളത്തിലെ രണ്ടാം തലമുറ ജനപ്രിയ നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു എൻ കെ ശശിധരൻ. തൊണ്ണൂറുകളിലാണ് ഇദ്ദേഹം നോവൽ രംഗത്തേക്ക് വന്നത്. ക്രൈം – ത്രില്ലർ, രാഷ്‌ട്രീയ നോവലുകളായിരുന്നു അദ്ദേഹത്തിന്റെ മേഖല. അന്നത്തെ ജനപ്രിയ പ്രസിദ്ധീകരണങ്ങളായ മംഗളം മനോരമ തുടങ്ങിയ വാരികകളിലൂടെ ആയിരുന്നു അദ്ദേഹം മലയാളി വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ചത്. എൻ.കെ.ശശിധരൻ അതിന് മുൻപ് സിനിമാ രംഗത്ത് സജീവമായിരുന്നു.
അങ്കം, ദി കിങ്, ഇത് അനന്തപുരി,ചിലന്തി,ആസുരം,രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യപുത്രൻ, അഗ്നിമുഖം ഇവയാണ് പ്രധാനകൃതികൾ 2020 ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമാണ് അവസാന നോവൽ.
എഴുപതുകളിലും എൺപതുകളിലും ടി ദാമോദരനും തൊണ്ണൂറുകളിൽ രഞ്ജി പണിക്കരും സിനിമകളിൽ സ്വീകരിച്ച രചനാശൈലിയുടെ ജനപ്രിയസാഹിത്യമുഖമായിരുന്നു എൻ കെ ശശിധരൻ. രോഷാകുലരായ യുവനായകരായിരുന്നു എൻ.കെ യുടെ കഥാലോകത്ത് വായനക്കാർക്ക് കാണാവുന്നത്. അനീതിക്കും അക്രമത്തിനും അഴിമതിക്കുമെതിരെ ഈ നായകർ നടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങൾ മിക്ക നോവലുകളുടേയും ഇതിവൃത്തമാണ്. തിരക്കഥാ സമാനമായ രചനാശൈലി കൊണ്ട് അദ്ദേഹം അനുവാചകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. സിനിമാറ്റിക് ആയ ആഖ്യാനവും ചടുലമായ സംഭാഷണങ്ങളും ഭാഷയും ത്രസിപ്പിക്കുന്ന രംഗങ്ങളും എൻ.കെ ശശിധരന്റെ രചനകളുടെ സവിശേഷതയാണ്.
വന്യം, ഞാൻ ആദിത്യൻ,അങ്കം,ആസുരം, വരൂ ശ്രീനിലയത്തിലേക്ക് പോകാം എന്നീ നോവലുകൾ സൂപ്പർ ഹിറ്റുകളായിരുന്നു.
സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ഭാര്യ ശോഭനാദേവി,മക്കൾ ഗോപി കൃഷ്ണൻ,വിഷ്ണു.സംസ്ക്കാരം ഇന്ന് വൈകുന്നേരം.















