ന്യൂഡൽഹി: കൊറോണ മഹാമാരി വ്യാപനത്തിന് ശേഷം യുവാക്കളുടെ മരണങ്ങൾ സംഭവിക്കുന്നതിനുള്ള കാരണം വാക്‌സിൻ സ്വീകരിച്ചതാണെന്ന ആരോപണങ്ങൾ തള്ളി ഐസിഎംആർ. യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കൊറോണ വാക്‌സിനല്ലെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു. കൊവിഡ്, പാരമ്പര്യം, ജീവിതശൈലി എന്നിവയാകാം മരണങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ഐസിഎംആറിന്റെ വിശദീകരണം.
അമിത മദ്യപാനം, അമിത വ്യായാമം, പുകവലി എന്നിവ യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നുണ്ട്. കൊറോണ ബാധിച്ച് ചികിത്സ തേടിയവർ അടുത്ത രണ്ട് വർഷത്തേക്ക് അമിതമായി വ്യായാമം ചെയ്യരുത്. ശരീരം അമിതമായി പ്രവർത്തിക്കുന്നത് ഒരുപക്ഷെ ഹൃദയാഘാതങ്ങൾക്ക് കാരണമായേക്കാമെന്നാണ് കണ്ടെത്തൽ. 18നും 45നും ഇടയിൽ പ്രായമുള്ള യുവാക്കളിലായിരുന്നു ഇതുസംബന്ധിച്ച പഠനം ഐസിഎംആർ നടത്തിയത്.















