കൊച്ചി: നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കാസർകോട് സ്വദേശി ഫിലിപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. സംഘാടക സമിതി ആവശ്യപ്പെടുകയാണെങ്കിൽ നവകേരള സദസിന് വേണ്ടി സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന വിവാദ ഉത്തരവ് കഴിഞ്ഞ ദിവസമായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തുവിട്ടത്. തുടർന്ന് ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
തന്റെ മക്കളടക്കമുള്ളവർ സ്‌കൂൾ ബസിനെ ആശ്രയിക്കുന്നതാണെന്നും, നവകേരള സദസിന് ബസ് നൽകിയാൽ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ അടക്കം ബാധിക്കുമെന്നുമായിരുന്നു ഹർജി. സ്‌കൂൾ ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്ന് മോട്ടോർവാഹന നിയമ പ്രകാരവും പെർമിറ്റിൽ പറയുന്നത് അനുസരിച്ചും നിഷ്‌കർഷിക്കുന്നുണ്ട്. പ്രവൃത്തി ദിനങ്ങളിൽ അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരും നവകേരള സദസിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും വാക്കാൽ നൽകിയിട്ടുണ്ട്. ഇതും സ്‌കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. കോടതി ഉത്തരവില്ലാതെ ബസ് വിട്ടുനൽകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.