ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഭാരതം കുതിക്കുന്നു. ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് 140 കോടി ജനങ്ങളിൽ 88 കോടി ജനങ്ങളും സജീവ ഉപയോക്തക്കളാണ്.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടി ആയതെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ ഉപയോക്താക്കളിൽ 60 ശതമാനവും നഗര മേഖലയിലാണ്. ഗ്രാമീണ ഉപഭോക്താക്കളുടെ എണ്ണവും വർധിക്കുന്നുണ്ട്. 2012ൽ 12.6 ശതമാനം പേർക്കായിരുന്നു ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടായിരുന്നത്. പത്ത് വർഷം കൊണ്ടാണ് പ്രവചനാതീതമായ മാറ്റം ഉണ്ടായത്.
ഇൻറർനെറ്റ് കണക്റ്റിവിറ്റി ഗ്രാമീണ മേഖലയിൽ ഉറപ്പാക്കാൻ നിരവധി പദ്ധതികളാണ് 2014 മുതൽ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. വളർച്ച കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഭാരത് നെറ്റ് , ഡിജിറ്റൽ ഇന്ത്യ , ബ്രാൻഡ് ഇന്ത്യ , സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളും സഹയകമായി. ഭാരതത്തിന്റെ സ്വന്തം ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റമായ യുപിഐയുടെ വരവ് ഇന്റർനെറ്റ് ഉപയോഗത്തിൽ കുതിച്ചാട്ടത്തിന് പ്രധാന കാരണമായി. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഡിജിറ്റൽ ട്രാൻസാക്ഷൻ നടക്കുന്ന രാജ്യമായി ഭാരതം മാറി. കുറഞ്ഞ നിരക്കിൽ ഡാറ്റയുടെ ലഭ്യത ഉറപ്പാക്കിയതും ഇന്റർനെറ്റ് ഉപയോഗത്തിന്റെ കുതിച്ചാട്ടത്തിന് പ്രധാന കാരണമാണ്.















