തൃശൂർ: വിവേകോദയം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി വെടിവയ്പ്പ് നടത്തിയ സംഭവം ബ്ലാങ്ക് ഫയറിംഗ് ആണെന്ന നിഗമനത്തിൽ പോലീസ്. വെടിയുതിർക്കുന്ന സമയത്ത് എയർഗണ്ണിൽ പെല്ലറ്റ് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പെല്ലറ്റ് ഇല്ലെങ്കിലും വെടിയുതിർക്കുമ്പോൾ ശബ്ദം കേൾക്കുമെന്നതാണ് എയർഗണ്ണിന്റെ സവിശേഷത. അതേസമയം അതിക്രമം നടത്തിയ ജഗന്റെ പോക്കറ്റിൽ നിന്നും പെല്ലറ്റുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
Read Also: തൃശൂർ സ്കൂളിലെ വെടിവയ്പ്പ്; പ്രതി ലഹരിക്കടിമയെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ആരോപണം
അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് സെപ്റ്റംബർ 28-നായിരുന്നു ജഗൻ എയർഗൺ വാങ്ങിയത്. 1800 രൂപയാണ് ഇതിനായി ചെലവായത്. പിതാവിൽ നിന്നും പലപ്പോഴായി വാങ്ങിയ പണം സ്വരൂപിച്ചാണ് എയർഗൺ വാങ്ങിയതെന്നും പോലീസ് പറയുന്നു. നിലവിൽ പ്രതി പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. തൃശൂർ മുളയം സ്വദേശിയാണ് പിടിയിലായ ജഗൻ.
രാവിലെ 10.15-ഓടെയായിരുന്നു യുവാവ് സ്കൂളിലെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. സ്റ്റാഫ് റൂമിലെത്തി അദ്ധ്യാപകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ക്ലാസ് മുറികളിലേക്ക് കയറി ചെന്ന് വിദ്യാർത്ഥികളെ ഭയപ്പെടുത്തുകയായിരുന്നു. എയർഗൺ മുകളിലേക്ക് ചൂണ്ടി മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പോലീസ് എത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.















