തൃശൂർ: സ്കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥിയുടെ പരാക്രമം. എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് ക്ലാസ് റൂമിനുള്ളിൽ ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മുളയം സ്വദേശിയാണ് സ്കൂളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന അവകാശവാദങ്ങളും ഉയർന്നുവരുന്നുണ്ട്.
ക്ലാസ് മുറികളിൽ കയറി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ എയർഗൺ ചൂണ്ടി ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. രാവിലെ 10.15ഓടെ സ്കൂളിന്റെ ഓഫീസിൽ കയറിയ പ്രതി ആദ്യം അദ്ധ്യാപകർക്ക് നേരെ പരാക്രമം അഴിച്ചുവിട്ടു. പിന്നാലെ ക്ലാസ് മുറികളിലേക്ക് പോയി വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തി. മൂന്ന് തവണ മുകളിലേക്ക് വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നത്. പ്രതി ലഹരിക്ക് അടിമയാണെന്ന് അദ്ധ്യാപകരും ആരോപിച്ചു.
സെപ്റ്റംബർ 28ന് ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും 1800 രൂപയ്ക്ക് വാങ്ങിയ എയർഗൺ ആണ് പ്രതി ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ കളക്ടർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു