ജയ്പൂർ: കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടിനെ മാന്ത്രികനെന്ന് വിളിച്ച് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബാരനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി അശോക് ഗെഹ്ലോട്ടിനെ വിമർശിച്ച് രംഗത്തെത്തിയത്. റെഡ് ഡയറിയെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് സർക്കാരിന്റെ നിഗൂഢമായ പല രഹസ്യങ്ങളും റെഡ് ഡയറിയിലുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സർക്കാരിന്റെ കൈവശമുള്ള ഭൂമിയും വനവും വെള്ളവും എല്ലാം കുത്തകകൾക്ക് കോൺഗ്രസ് വിറ്റു എന്നതിന്റെ തെളിവുകൾ ഡയറിയിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റെഡ് ഡയറിയുടെ ഓരോ പേജുകൾ മറിക്കുമ്പോഴും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നു. ജനങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനമായ ഭൂമിയും വനവും വെള്ളവുമെല്ലാം കുത്തകൾക്ക് സ്വന്തമായത് എങ്ങനെയെന്ന് ഡയറിയിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അധഃപതനത്തിന് റെഡ് ഡയറിയിലെ പരാമർശങ്ങൾ കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗെഹ്ലോട്ട് സർക്കാരിന് കീഴിലെ മന്ത്രിസഭയുടെ ഭാഗമായിരുന്ന രാജേന്ദ്ര സിംഗ് ഗുധയാണ് രാജസ്ഥാൻ രാഷ്‌ട്രീയത്തിലെ വിവാദമായ റെഡ് ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പണമിടപാടുകൾ സംബന്ധിച്ച രേഖകളും ഡയറിയിലുണ്ടെന്നാണ് ഗുധ പറഞ്ഞത്. 2020ലാണ് ഡയറി തന്റെ കൈയ്യിലെത്തിയതെന്ന് പറയുന്ന ഗുധ, സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റെഡ് ഡയറിയിലെ ചില പേജുകളും പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്റെയും രാജ്‌സഥാൻ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഇടപാടുകളെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഗുധ പുറത്തുവിട്ടിരുന്നത്.















