ലക്നൗ: കോൺഗ്രസ് മുന്നണിയുടെ സനാതനധർമ്മ വിരുദ്ധ നയം രാജസ്ഥാന്റെ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ തിരെഞ്ഞടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് സ്പോട്സ് യുവജനക്ഷേമ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സ്റ്റാലിന്റെ ഹിന്ദുവിരുദ്ധ പരാമർശം രാജ്യം മുഴുവൻ ശ്രദ്ധിച്ചു. എന്നാൽ ഒരു കോൺഗ്രസ് നേതാവ് പോലും സ്റ്റാലിനെ തിരുത്താൻ തയ്യാറായില്ല. പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസിനെ മുന്നോട്ട് നയിക്കുന്നതെന്നും പാർട്ടിയുടെ നിശബ്ദത രാജ്യത്തിന്റെ സംസ്കാരത്തെ തന്നെ നശിപ്പിക്കാൻ കെൽപ്പുള്ളതാണെന്നും മോദി അഭിപ്രായപ്പെട്ടു.
രാജസ്ഥാൻ ജനത ആഗ്രഹിക്കുന്നത് വികസനമാണ്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് കുടുബാധിപത്യവും അഴിമതിയും മാത്രമാണ് പ്രധാനം. വനിതകളുടെ പ്രാതിനിധ്യം നിയമസഭയിൽ ഉറപ്പുവരുത്തുന്ന നാരീശക്തി അധിനിയം പാസാക്കിയത് മുതൽ കോൺഗ്രസ് അസ്വസ്ഥരാണ്. സ്ത്രീകൾക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇൻഡി സഖ്യം ശ്രമിച്ചിട്ടുള്ളതെന്നും നിതീഷ് കുമാറിർ നിയമസഭയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതിയായ ജൽജീവൻ മിഷൻ നടപ്പിലാക്കൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നതിനുള്ള അവകാശമാണ് രാജസ്ഥാൻ സർക്കാർ നിഷേധിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ സ്വാർത്ഥത മൂലം ജനങ്ങൾ രോഗികളാകേണ്ട അവസ്ഥയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.















