തൃശൂർ: വിവേകോദയം സ്‌കൂളിൽ വെടിയുതിർത്ത സംഭവത്തിൽ പ്രതി ജഗന് ജാമ്യം. പോലീസ് നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം നൽകി. ജഗൻ 2 വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് കുടുംബം പോലീസിനോട് പറയുകയും ചികിത്സാ രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ 10.15-ഓടെയാണ് സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ജഗൻ പരാക്രമം നടത്തിയത്. ക്ലാസ് മുറികളിൽ കയറി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഇയാൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും വാങ്ങിയ എയർഗൺ ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തതെന്നും പോലീസ് കണ്ടെത്തിയിരുന്നു.















