പത്തനംതിട്ട: സംഘടന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച കേസിൽ അന്വേഷണം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിലേയ്‌ക്ക്. രാഹുലിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേയ്‌ക്കും. സംഭവത്തിൽ രാഹുലിന്റെ അടുത്ത അനുയായികൾ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യനിലേയ്‌ക്കും നീണ്ടത്.
അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണൻ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തരാണ് ഇവർ. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് ഇവർ. കസ്റ്റഡിയിലുള്ളവരിൽ അഭി വിക്രം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ ലാപ്ടോപ്പും ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നാണ് പോലീസ് നിഗമനം.
ഫെനി, ബിനിൽ ബിനു, വികാസ് എന്നിവരെ തിരുവനന്തപുരത്ത് നിന്നും അഭി വിക്രമിനെ പത്തനംതിട്ടയിൽ വച്ചുമാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് നടപടികൾ ശക്തമാക്കിയതിന് പിന്നാലെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയതായി പോലീസ് പറയുന്നു.















