ഹൈദരാബാദ്: മാതൃകാ പെരുമാറ്റച്ചട്ടം പിന്തുടരാൻ ആവശ്യപ്പെട്ടതിന് പോലീസ് ഇൻസ്‌പെക്ടറെ പരസ്യമായി ഭീഷണിപ്പെടുത്തി അസദുദ്ദീൻ ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഒവൈസി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് പരിപാടിയുടെ സമയം അതിക്രമിച്ചതിനാൽ പ്രസംഗം നിർത്താൻ പോലീസ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ സ്ഥാനാർത്ഥിയായ അക്ബറുദ്ദീൻ ഒവൈസി പോലീസുകാരനിതിരെ ഭീഷണി മുഴക്കിയത്. ഹൈദരാബാദിലെ ലളിതാബാഗിൽ ഒരു പ്രചാരണ പരിപാടിക്കിടെയാണ് സംഭവം.
ഇൻസ്പെക്ടറെ ഇല്ലാതാക്കും എന്ന തരത്തിലായിരുന്നു നേതാവിന്റെ പരസ്യ ഭീഷണി. പോലീസുകാരൻ ഉടൻ ഇവിടെ നിന്ന് പോയില്ലെങ്കിൽ തന്റെ അനുയായിക്ക് ഒരു “സിഗ്നൽ” നൽകും. പിന്നെ ഇൻസ്പെക്ടർ സ്ഥലത്തുനിന്ന് “ഓടിപ്പോകാൻ” നിർബന്ധിതനാകുമെന്ന് അക്ബറുദ്ദീൻ ഒവൈസി പരസ്യമായി ആക്രോശിച്ചു. കത്തികളും വെടിയുണ്ടകളും നേരിട്ടതിന് ശേഷം, ഞാൻ തളർന്നുപോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ, ഇപ്പോഴും എന്നിൽ ഒരുപാട് ധൈര്യമുണ്ട്, എന്നെ തടയാൻ ധൈര്യമുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ല. ഞാൻ അവർക്ക് ഒരു സൂചന നൽകിയാൽ നിങ്ങൾ ഓടേണ്ടിവരും. അക്ബറുദ്ദീൻ ഒവൈസി പറഞ്ഞു.
പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധി നേടിയാളാണ് അസദുദ്ദീൻ ഒവൈസിയെ പോലേ അക്ബറുദ്ദീൻ ഒവൈസിയും. 2012ൽ അക്ബറുദ്ദീൻ ഒവൈസി ഹിന്ദു ദേവതകൾക്കെതിരെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ നിന്നാണ് അക്ബറുദ്ദീൻ ഒവൈസി മത്സരിക്കുന്നത്. പാർട്ടിയിലെ ഏറ്റവും സമ്പന്നനാണ് ഇയാൾ. അക്ബറുദ്ദീൻ ഒവൈസിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.















