ന്യൂഡൽഹി: മതിയായ കാരണമില്ലാതെ ജോലിക്ക് പോകാത്ത ജീവിത പങ്കാളിക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്വയം തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത ഭാര്യക്ക് ആശ്വാസം എന്ന ലക്ഷ്യമാണ് ജീവനാംശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു.
ന്യായമായി സമ്പാദിക്കാനുള്ള ശേഷിയുണ്ടെങ്കിലും മതിയായ കാരണങ്ങളോ തൊഴിൽ നേടാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളോ ഇല്ലാതെ ജോലിയില്ലാതെ വെറുതെയിരിക്കാൻ തീരുമാനിക്കുന്ന പങ്കാളിക്ക് ജീവനാംശം നൽകാനുള്ള ഉത്തരവാദിത്തം ഭർത്താവിൽ മാത്രം ഏൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവ് സമർപ്പിച്ച വിവാഹമോചന നടപടികളുടെ ഭാഗമായി ഭാര്യയ്‌ക്ക് കുടുംബകോടതി അനുവദിച്ചിരുന്ന ജീവനാംശം കുറയ്‌ക്കുന്നതിനുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം.
വിവാഹമോചന നടപടികൾ തുടരുന്നതിനിടെ ഭാര്യക്ക് പ്രതിമാസം 30,000 രൂപ നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഭാര്യ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം എടുത്ത ആളാണെന്നും ഒരു ആശുപത്രിയിൽ 25000 രൂപക്ക് റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നുവെന്നും ഭർത്താവ് കോടതിയെ ബോധിപ്പിച്ചു. സഹോദരിമാരെയും സഹോദരനെയും പ്രായമായ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു.
ശമ്പളമില്ലാതെ സാമൂഹിക പ്രവർത്തനം എന്ന രീതിയിലാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നതെന്നുള്ള ഭാര്യയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളുകയായിരുന്നു. കുടുംബക്കോടതി വിധിച്ച 30,000 രൂപയിൽ നിന്ന് 21,000 രൂപ ജീവനാംശം നൽകാനാണ് ഒടുവിൽ കോടതി വിധിച്ചത്.