വാഷിംങ്ടൺ: യെമനിലെ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന കാര്യം വീണ്ടും സജീവ പരിഗണനയിലെന്ന് അമേരിക്ക. ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ ഹുതികൾ റാഞ്ചിയിതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കമെന്ന്
യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ആ കപ്പലിനെയും ജീവനക്കാരെയും നിരുപാധികമായി ഉടൻ മോചിപ്പിക്കണമെന്നും കിർബി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗാലക്‌സി ലീഡർ എന്നചരക്ക് കപ്പൽ ഹുതികൾ തട്ടിയെടുത്തത് 25 ജീവനക്കാരെ ബന്ധികളാക്കിയത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ ഇസ്രായേലി പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്നും ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്നും ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ചെങ്കടലിൽ നിന്നും കപ്പൽ പിടിച്ചെടുത്തത്. എന്നാൽ തട്ടിക്കൊണ്ടുപോയ കപ്പൽ തുർക്കിയുടേതാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
ഹൂതി വിമതർ കപ്പൽ ഹൈജാക്ക് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. തെക്കൻ ചെങ്കടലിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന് കപ്പലിന്റെ ഡെക്കിൽ ആയുധധാരികൾ ഇറങ്ങുന്നതും അത് പിടിച്ചെടുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഹൂതികളുടെ ടിവി ചാനലായ അൽ മസീറയിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
ഇപ്പോൾ കപ്പൽ യെമനിലെ ഹൊദൈദ തുറമുഖ പ്രദേശത്താണെന്നും എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടതായും ഗാലക്‌സി മാരിടൈം ലിമിറ്റഡ് ഉടമ പറഞ്ഞു. ബൾഗേറിയ, ഉക്രെയ്ൻ, ഫിലിപ്പീൻസ്, മെക്സിക്കോ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ബഹമാസ് പതാക വഹിക്കുന്ന കപ്പലിലുള്ളത്. ജപ്പാനിലെ നിപ്പോൺ യൂസൻ ചാർട്ടേഡ് ചെയ്തതാണ് കപ്പൽ. 25 ക്രൂ അംഗങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.