തൃശ്ശൂർ : ഇരുട്ടിന്റെ മറവിൽ അയ്യപ്പ വിശ്രമ കേന്ദ്രം പോലീസ് പൊളിച്ച് നീക്കി. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമ കേന്ദ്രമാണ് പോലീസ് രാത്രിയെത്തി പൊളിച്ചു നീക്കിയത്. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. നൂറുകണക്കിന് പോലീസുകാർ ജല പീരങ്കി അടക്കം കൊണ്ടുവന്നാണ് നിർമാണം പൊളിച്ചു നീക്കിയത്.
32 വർഷമായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വിശ്രമകേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്ഷണവും വൈദ്യസഹായവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. ശബരിമലയിൽ ദർശനം നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെയടക്കം അയ്യപ്പന്മാർക്ക് വലിയ ആശ്വാസമായിരുന്നു ഇത്. കഴിഞ്ഞ ആഗസ്റ്റിൽ ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി തുടങ്ങി വിവിധ സംഘടനകൾ വിശ്രമകേന്ദ്രത്തിന്റെ അനുമതിക്കായി ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു. എന്നാൽ മണ്ഡലകാലം ആരംഭിച്ചിട്ടും അനുമതി നൽകാനോ കൃത്യമായ മറുപടി നൽകാനോ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറായില്ല. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ ഭരണസമിതി സിപിഎം അംഗങ്ങളുടെ നേതൃത്വത്തിലുള്ളതാണ്.
ഇവർ നേരത്തെ തന്നെ ഹൈന്ദവ സംഘടനകളെ വിശ്രമ കേന്ദ്രത്തിനെതിരെ നിലപാട് എടുത്തിരുന്നു. ഇവരുടെ എതിർപ്പാണ് അനുമതി വൈകിപ്പിച്ചതിന് കാരണമായത്.
വിശ്രമ കേന്ദ്രത്തിനുള്ള അനുമതി മനപ്പൂർവ്വം വൈകിപ്പിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ ഈ മണ്ഡലകാലത്ത് ചെറിയ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി അയ്യപ്പന്മാർക്കുള്ള വിശ്രമകേന്ദ്രം ഒരുക്കുകയായിരുന്നു സംഘടനകൾ. എല്ലാം ഹൈന്ദവ സംഘടനകളും വിശ്വാസികളും ഒന്നിച്ചു ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ദേവസ്വം ബോർഡിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതൊടെ തൽക്കാലിക നിർമ്മാണത്തിനെതിരെ നടപടി ഉണ്ടാകില്ലെന്ന് കലക്ടറും ആർഡിഒയും അടക്കമുള്ളവരിൽ നിന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നിട്ടും വിശ്രമ കേന്ദ്രം പോലീസെത്തി പൊളിച്ചു നീക്കുകയായിരുന്നു. നിലവിൽ സ്ഥലം സീൽ ചെയ്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
അയ്യപ്പ വിശ്രമ കേന്ദ്രം ക്ഷേത്രത്തിൽ ഒരുക്കേണ്ടതില്ല എന്ന് സിപിഎമ്മിന്റെ ധാർഷ്ട്യം ആണ് അനുമതി നിഷേധിക്കാൻ കാരണമായത്. അയ്യപ്പ വിശ്രമ കേന്ദ്രങ്ങൾ ഹൈന്ദവ സംഘടനകൾ നോക്കേണ്ടതില്ലെന്നും അത് ക്ഷേത്ര ഭരണസമിതി നടത്തും എന്നാണ് ദേവസ്വം ബോർഡിന്റെ ന്യായം. രാത്രിയുടെ മറവിൽ സിപിഎമ്മും പോലീസും ചേർന്ന് നടത്തിയ കാടത്തത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഹൈന്ദവ സംഘടനകൾ ഉയർത്തുന്നത്. ഇന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരിയുടെ സാന്നിധ്യത്തിൽ അയ്യപ്പ ധർമ്മരക്ഷാസംഗമം കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്നുണ്ട്.
അയ്യപ്പഭക്തർക്ക് നേരെയുള്ള വെല്ലുവിളിയാണ് കൊടുങ്ങല്ലൂരിലെ സംഭവമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇതിനുത്തരം ഭക്തർ തന്നെയാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















