ന്യൂഡൽഹി: 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ഭീകരാക്രമണക്കേസിൽ ആറ് കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഛത്തീസ്ഗഡ് ജഗ്ദൽപൂരിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനോജ് പൊടിയാമി, ദേവേന്ദർ റെഡ്ഡി, വിജ്ജ ഹേംല, കേശ സോഡി, മല്ലേഷ്, സോനു എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2021-ലാണ് 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. കേസിൽ ഇതുവരെ 46 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി എൻഐഎ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
2021 ഏപ്രിൽ മൂന്നിന് ഛത്തീസ്ഗഡിലെ സുക്മ-ബിജാപൂർ അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് കമ്യൂണിസ്റ്റ് ഭീകരർ സുരക്ഷാസേനയ്‌ക്ക് നേരെ ആക്രമണം നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 22 സൈനികർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.















