ന്യൂഡൽഹി: ഡീപ് ഫേക്ക് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ്‌ഫേക്ക് വിഷയം രാജ്യത്തിന് വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും എഐ സംവിധാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഡീപ് ഫേക്ക് വിഷയം പരിഹരിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കികൊണ്ട് എഐ ടെക്‌നോളജി വികസിപ്പിക്കണം. സമൂഹത്തിന് സുരക്ഷിതമായ രീതിയിൽ മാത്രം എഐ എല്ലാവരിലും എത്തിക്കണം. ഡീപ് ഫേക്ക് പ്രശ്‌നം വലിയ ആശങ്കകളാണുണ്ടാക്കുന്നത്. ഇത് ബിസിനസ് മേഖലയ്‌ക്കും വലിയ വെല്ലുവിളിയുണ്ടാക്കുകയാണ്. ഒട്ടനവധി വെല്ലുവിളികൾ നേരിടുന്ന ഈ ലോകത്ത് നമ്മുടെ പരസ്പര വിശ്വാസമാണ് ലോക രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 വെർച്വൽ യോഗത്തിൽ ഇസ്രായേൽ- ഹമാസ് യുദ്ധമുൾപ്പെടെയുള്ള നിരവധി ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് വെർച്വൽ ഉച്ചകോടി വിളിച്ചുചേർത്തത്.















