റായ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാനത്ത് എല്ലായിടത്തും അഴിമതിയാണ് കാണാൻ കഴിയുന്നതെന്നും കോൺഗ്രസ് അധികാരത്തിലിരിക്കുന്നിടത്തെല്ലാം കൊള്ളയും അടിച്ചമർത്തലുമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ ദൗസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
കോൺഗ്രസ് ഉള്ളിടത്തെല്ലാം അഴിമതിയും കൊള്ളയും അടിച്ചമർത്തലും വഞ്ചനയുമുണ്ട്. എന്നാൽ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ വികസനമാണുള്ളത്. രാജസ്ഥാൻ പണ്ഡിതന്മാരുടെയും സാമൂഹ്യ പരിഷ്‌കർത്താക്കളുടെയും മണ്ണാണ്. അശോക് ഗെഹ്‌ലോട്ട് സർക്കാർ സംസ്ഥാനത്തെ നശിപ്പിച്ചു. കോൺഗ്രസിനെ പുറത്താക്കാനുള്ള ദിവസമാണ് നവംബർ 25.
അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, മത പ്രീണനം, ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെതിരായുള്ള അതിക്രമങ്ങൾ എന്നിവയുടെ കാര്യത്തിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. അവർ സംസ്ഥാനത്തെ കർഷകരെ കബളിപ്പിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് രാജസ്ഥാനെന്നും നദ്ദ പറഞ്ഞു.















