ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര സന്ദർശിക്കും. മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി . അദ്ദേഹത്തെ വരവേൽക്കാനും സ്വീകരിക്കാനുമുള്ള ഒരുക്കങ്ങൾ അവിടെ തകൃതിയായി നടക്കുകയാണ്. മൂന്ന് മണിക്കൂറോളം പ്രധാനമന്ത്രി അവിടെ തങ്ങും.
സുരക്ഷാ ക്രമീകരണങ്ങൾ എസ്പിജി പരിശോധിച്ചു. നാലായിരം പോലീസുകാരെയും പിഎസി ഉദ്യോഗസ്ഥരെയും അവിടെ വിന്യസിച്ചിട്ടുണ്ട്.യുപിയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഇടനാഴിയുടെ നിർമ്മാണത്തിന് അലഹബാദ് ഹൈക്കോടതി പച്ചക്കൊടി കാട്ടിയ സമയത്താണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം .
മഥുരയിൽ എത്തുന്ന മോദി ആദ്യം പോകുന്നത് ശ്രീകൃഷ്ണ ജന്മഭൂമി സന്ദർശിക്കാനാണ്. ഇതിനുശേഷം ബ്രജ് രാജ് ഉത്സവിൽ പങ്കെടുക്കും.മീരാബായിയുടെ 525-ാം ജന്മവാർഷികത്തിൽ ഭരണകൂടം തയ്യാറാക്കിയ 5 മിനിറ്റ് ദൈർഖ്യമുള്ള ഡോക്യുമെന്ററിയും പ്രധാനമന്ത്രി കാണും.
പ്രധാനമന്ത്രിയുടെ മഥുര സന്ദർശനത്തിന് മുന്നോടിയായി ആഗ്ര സോൺ എഡിജി അനുപമ കുൽശ്രേഷ്ഠ, ആഗ്ര ഡിവിഷണൽ കമ്മീഷണർ ഋതു മഹേശ്വരി എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.















