ഡെഹ്‌റാഡൂൺ: ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ മെഡിക്കൽ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തൊഴിലാളികളെ പുറത്തെത്തിക്കാനായി ആകെ 66 മീറ്റർ പാറയാണ് തുരക്കേണ്ടിയിരുന്നത്. ഇതിൽ 44 മീറ്റർ ഇതിനോടകം പൂർത്തിയാക്കി. 12 മീറ്റർ മാത്രമാണ് ഇനി ബാക്കിയുള്ളത്. അടുത്ത മണിക്കൂറുകളിൽ ഇതും പൂർത്തികരിക്കും. തൊഴിലാളികളെ പുറത്തെത്തിക്കാനായി വിദഗ്ധ സംഘം ടണലിലേക്ക് പ്രവേശിച്ചതായും എൻഡിആർഎഫ് വ്യക്തമാക്കി.
വൈദ്യസഹായം നൽകാനായി മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ വാക്‌സിൻ വാൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചിന്ന്യാലിസൂരിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നേരിട്ടാണ് രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. രക്ഷാദൗത്യം അവസാന മണിക്കൂറുകളിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രക്ഷാപ്രവർത്തനത്തിൽ പുരോഗതിയുണ്ടെന്നും, വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.
41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. തീർത്ഥാടന കേന്ദ്രങ്ങളായ ചാർധാമുകളെ (ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി) ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമായുള്ള ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പാറ ഇടിഞ്ഞുവീഴുകയായിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ബിആർഒ, ഐടിബിപി എന്നീ സർക്കാർ ഏജൻസികളാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.















