ചെന്നൈ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിമാനത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് ഇളവുകളുമായി സിവിൽ ഏവിയേഷൻ വകുപ്പ്. കെട്ടുനിറച്ച് വിമാനം വഴി കേരളത്തിലെത്തുന്ന ഭക്തർക്ക് നെയ്യ് തേങ്ങ കയ്യിൽ കരുതാം. യാത്രക്കാർ തേങ്ങ കൊണ്ടു പോകുന്നതിന് തടസ്സമില്ലെന്നും ജനുവരി 15 വരെയാകും ഇളവെന്നും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. ചെന്നൈയിൽ നിന്ന് കേരളത്തിലെത്തുന്ന ഭക്തർക്കാണ് ഇളവ്.
സാധാരണയായി കത്താൻ സാധ്യതയുള്ള വസ്തുക്കൾ വിമാനയാത്രയിൽ കരുതാൻ അനുവാദിക്കുന്നതല്ല. നെയ്യ് തേങ്ങയിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതിനാൽ ഇതിനും വിലക്കുണ്ടായിരുന്നു. എന്നാൽ അയ്യപ്പഭക്തരുടെ ആവശ്യം കണക്കിലെടുത്ത് സിവിൽ ഏവിയേഷൻ വകുപ്പ് ഇതിൽ ഇളവ് വരുത്തുകയായിരുന്നു.
ചെന്നൈയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ശബരിമല യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്. ബസ്, ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്‌ക്കു പുറമേ ഒട്ടേറെ പേർ വിമാനത്തിലും യാത്ര ചെയ്യും. കെട്ടു നിറച്ച് യാത്ര പുറപ്പെടുമ്പോൾ തേങ്ങ കരുതാതിരിക്കാനാകില്ല. വിവിധ സ്ഥലങ്ങളിൽ ഉടയ്‌ക്കുന്നതിനായും കുറഞ്ഞത് 4 തേങ്ങയെങ്കിലും ആവശ്യമുണ്ടെന്നിരിക്കെ വിമാനത്തിൽ തേങ്ങ കയറ്റാൻ അനുവദിക്കാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതിന് പരിഹാരമായാണ് സിവിൽ ഏവിയേഷൻ അധികൃതരുടെ നിർണായകമായ തീരുമാനം.
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കാണ് കൂടുതൽ പേരും ടിക്കറ്റ് എടുത്തിട്ടുള്ളത്. കൊച്ചിയിൽ നിന്ന് റോഡ് മാർഗമാണ് ഇവരിൽ പലരും പമ്പയിലെത്തുക. ചെന്നൈ നഗരത്തിൽ നിന്ന് ദിവസേന അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്കുള്ളത്. മണ്ഡലകാല ആരംഭിച്ചതിന് ശേഷം ടിക്കറ്റുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലും അയ്യപ്പഭക്തർ വിമാനമിറങ്ങാറുണ്ട്.