ഹൈദരാബാദ്: മുസ്ലീം മത പ്രീണനത്തിലൂടെ ന്യൂനപക്ഷ വോട്ടർമാരുടെ വോട്ടുറപ്പിക്കാൻ പുതിയ പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിൽ തന്റെ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ, മുസ്ലീം യുവാക്കൾക്കായി സംസ്ഥാനത്ത് ഒരു പ്രത്യേക ഇൻഫർമേഷൻ ടെക്നോളജി പാർക്ക് സ്ഥാപിക്കുമെന്നാണ് പുതിയ വാഗ്ദാനം.
നവംബർ 30-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി മത്സരിക്കുന്ന മഹേശ്വരത്ത് ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിആർ. തന്റെ സർക്കാർ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും രണ്ട് കണ്ണുകളിലൂടെയാണ് കാണുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
‘ഇന്ന് ഞങ്ങൾ മുസ്ലീങ്ങൾക്ക് പെൻഷൻ നൽകുന്നു. മുസ്ലീം വിദ്യാർത്ഥികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്‌കൂളുകൾ ഞങ്ങൾ തുറന്നു. എല്ലാവരേയും ഞങ്ങൾ ഒപ്പം കൊണ്ടുപോകുന്നു. ഞങ്ങൾ മുസ്ലീം യുവാക്കളെ കുറിച്ച് ചിന്തിക്കുകയും അവർക്കായി ഒരു പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുകയും ചെയ്യും. ഹൈദരാബാദ്, പഹാഡി ഷെരീഫിന് സമീപം ഐടി പാർക്ക് വരും’ എന്നാണ് കെ ചന്ദ്രശേഖർ റാവു പറഞ്ഞത്.















