ഇടുക്കി: വ്യാജ വാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസ് നൽകി മറിയക്കുട്ടി. ഇടുക്കി അടിമാലിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കടുത്ത ശിക്ഷ നൽകണമെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. 10 പേരെ പ്രതി ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് കേസിലെ പ്രതികൾ. താൻ ഉന്നയിച്ച നടപടികളിൽ നിന്ന് പിന്നോട്ടേക്കില്ലെന്നും മറിയക്കുട്ടി ആവർത്തിച്ചു. മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്താണെന്നുമാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് മറിയക്കുട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തുകയും സൈബർ ആക്രമണം നടത്തുകയും ചെയ്തത്. എന്നാൽ വാർത്ത വ്യാജമാണെന്ന് മനസിലായതോടെ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് ഭിക്ഷാപാത്രവുമായി അടിമാലി സ്വദേശികളായ മറിയക്കുട്ടിയും അന്നയും തെരുവിലിറങ്ങി ഭിക്ഷ യാചിച്ചത്. പെൻഷൻ കിട്ടാത്തതിനെ തുടർന്ന് മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഈ സംഭവത്തിലാണ് ദേശാഭിമാനി വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.















