സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഒരു സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും അഭിനേതാക്കൾക്കാണെന്ന് ഷൈൻ പറഞ്ഞു. താരങ്ങൾ പ്രതിഫലം കൂട്ടുന്നത് അവരെ നശിപ്പിക്കുന്നത് തുല്യമാണെന്നും ഷൈൻ പറയുന്നു. നടന്റെ പുതിയ സിനിമയായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പടം നന്നായാലും മോശമായാലും അതിൽ അഭിനയിക്കുന്നവർക്ക് മാത്രമാണ് ഗുണം. ഒരുപാട് വർക്കേഴ്സ് ഒരു സിനിമയ്‌ക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ട്. ഒരു ഹിറ്റ് ഉണ്ടാകുന്നത് ഒരാളിൽ നിന്ന് മാത്രമല്ല. അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നത് താരങ്ങൾ തന്നെയാണ്.
വർക്ക് ചെയ്യുന്നവർക്ക് ചിലപ്പോൾ ഒരു നൂറ് രൂപ പോലും കിട്ടുന്നില്ല. സംവിധായകരും അഭിനേതാക്കളും മാത്രമല്ല വേറേയും ഒരുപാട് പേരുണ്ടല്ലോ സിനിമയിൽ.
കലാകാരൻമാർക്ക് കാശ് കൂടുതൽ കൊടുക്കുന്നത് ഒരു തരത്തിൽ അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. എല്ലാവർക്കും ആവശ്യത്തിന് കാശ് കൊടുത്താൽ മതി. കോടിക്കണക്കിന് കാശ് കൊടുക്കാൻ മാത്രം എന്താണ് ചെയ്യുന്നത്.’ ഷൈൻ ടോം ചാക്കോ പറഞ്ഞു.















