ന്യൂഡൽഹി: ബയോളജി പഠിക്കാതെ പ്ലസ് ടു പരീക്ഷ പാസായവർക്കും ഡോക്ടറാകാമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പ്ലസ് ടു പാസായവർ പിന്നീട് ബയോളജിയോ ബയോടെക്‌നോളജിയോ അധിക വിഷമായി പഠിച്ച് പരീക്ഷയെഴുതി പാസാകാവുന്നതാണ്. ഇവർക്ക് എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നീറ്റ് യൂജി ടെസ്റ്റ് എഴുതാമെന്നും പുതുക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു.
നേരത്തെ റെഗുലർ സ്ട്രീമിൽ പഠിച്ച് പരീക്ഷ പാസായവർക്ക് മാത്രമാണ് എംബിബിഎസ് യോഗ്യതാ പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്. അതായത് പ്ലസ് വൺ പ്ലസ്ടു ക്ലാസുകളിൽ പ്രാക്ടിക്കലോട് കൂടിയ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പാസായവർക്ക് മാത്രമേ എംബിബിഎസ് യോഗ്യതാ പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്. എന്നാൽ ഇനി മറ്റു വിഷയങ്ങൾ പഠിച്ചവർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയവ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷ പാസായാൽ നീറ്റ് പരീക്ഷയ്‌ക്ക് യോഗ്യത നേടാമെന്നാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങളിൽ പറയുന്നത്.















