എറണാകുളം: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി വർഗീസ് നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഈ മാസം 25-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ വർഗീസിന് നോട്ടീസ് അയച്ചിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും പണം തട്ടിയത് വർഗീസ് അടക്കമുള്ള ഉന്നതരുടെ അറിവോടെയാണെന്നും പാർലമെന്ററി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നതായും ഇഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നാളെ വർഗീസിനെ ഇഡി ചോദ്യം ചെയ്യുക.
343 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് 55 പേരെ പ്രതി ചേർത്ത് ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ വർഗീസ് ഉൾപ്പെടെ 50 വ്യക്തികളും 5 കമ്പനികളുമാണ് ഉൾപ്പെടുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നഷ്ടപ്പെട്ട 343 കോടി രൂപയിൽ 150 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളാണ് ഇഡി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.















