മുടികളിൽ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തലയിലെ താരൻ. താരൻ പറ്റിപിടിച്ചിരിക്കുന്നത് പലർക്കും അസ്വസ്ഥവും ആത്മവിശ്വാസ കുറവുമാണ്. താരൻ കൂടുന്നത് കാരണം ചിലർക്ക് പല അലർജികളും ഉണ്ടാകാറുണ്ട്. കണ്ണിലും ചെവിയുടെ ഭാഗത്തും ചൊറിച്ചിലുകളും ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്. താരൻ അകറ്റാനുള്ള എല്ലാ മാർഗവും സ്ത്രീകൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ വീട്ടിൽ തന്നെ പരീക്ഷിക്കാൻ സാധിക്കുന്ന അഞ്ച് മാർഗങ്ങളുണ്ട്.
കടുക് എണ്ണയുടെ ഉപേയാഗം
കടുക് എണ്ണയും നാരങ്ങാ നീരും ചേർത്ത് തലയിൽ മസാജ് ചെയ്യാവുന്നതാണ്. രണ്ടും നന്നായി തലയിൽ പറ്റി പിടിപ്പിച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകി കളയണം. ഇത് സ്ഥിരം ചെയ്യുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മുടി തഴച്ചു വളരുന്നതിനും സഹായിക്കും.
ഉലുവ അരച്ച് ഉപയോഗിക്കാം
താരൻ പോകാൻ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്നതാണ് ഉലുവ പൊടി. ഇത് നന്നായി കുതിർത്ത് അരച്ചെടുക്കുക. അതിന് ശേഷം ഇതിലേക്ക് തേൻ ചേർത്ത് കലർത്തുക. ഈ മിശ്രിതം കുളിക്കുന്നതിന് മുമ്പായി തലയിൽ മസാജ് ചെയ്യുന്നതിലൂടെ താരൻ ഇല്ലാതാക്കാൻ സാധിക്കും.
ഉള്ളി നീരിന്റെ ഉപയോഗം
താരൻ പോകാൻ മറ്റൊരു എളുപ്പവഴിയാണ് ഉള്ളിയുടെ നീരും നാരങ്ങയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുന്നത്. ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാൻ സഹായിക്കും.
മുട്ടയുടെ വെള്ള ഉപയോഗിക്കാം
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയണം. ഇത് ശീലമാക്കിയാൽ അതികം താമസിക്കാതെ തന്നെ താരനെ പൂർണമായും ഇല്ലാതാക്കാനാകും.
വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ഉപയോഗിക്കാം
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി കൊടുക്കണം. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.















