ബാലതാരം ദേവനന്ദയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ‘ഗു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. തീപ്പന്തമേന്തിയ ഗുളികൻ തെയ്യമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഭയന്നു വിറച്ച പെൺകുട്ടിയുടെ കണ്ണുകളും അതിൽ കാണാം.
ഫാന്റസി ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാണം മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ്. തെയ്യം പ്രമേയമാക്കി വരുന്ന ചിത്രത്തിൽ ദേവനന്ദയെ കൂടാതെ നിരവധി കുട്ടികളും അണിനിരക്കുന്നു. ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രം കൂടിയാണ് ‘ഗു’.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുടുംബത്തിലെ മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി അശ്വതി മനോഹരൻ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് ‘ഗു’ വിന്റെ ചിത്രീകരണം നടന്നത്.
ഇവരെ കൂടാതെ നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ തുടങ്ങിയവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.