ലക്‌നൗ: കവയിത്രി മീരാബായിയുടെ 525-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഥുരയിൽ സംഘടിപ്പിച്ച ബ്രജ് രാജ് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശസ്ത കവയിത്രിയും നർത്തകിയുമായ മീരബായിയുടെ ജീവിതത്തെ അവിസ്മരണീയമാക്കി അവതരിപ്പിച്ച ഹേമ മാലിനിയുടെ നൃത്തനാടകം എല്ലാവരെയും വിസ്മയിപ്പിച്ചെന്ന് പ്രധാനമന്ത്രി പ്രംശസിച്ചു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘അതിശയകരമായ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചതിന് പ്രശസ്ത നടിയും എംപിയുമായ ഹേമ മാലിനിക്കും മറ്റ് സംഘാടകർക്കും നന്ദി. മീരാബായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്തനാടകം എല്ലാവരെയും വിസ്മയിപ്പിച്ചു’-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഇന്ത്യ എല്ലായ്പ്പോഴും സ്ത്രീശക്തിയെ ആരാധിക്കുന്ന രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്ര നിർമ്മാണത്തിനും സമൂഹത്തിന് മുന്നോട്ടുള്ള വഴിയൊരുക്കുന്നതിനും സ്ത്രീകൾ ഉദാത്തമായി നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. മീരാബായും അതിന് പ്രധാന ഉദാഹരണമാണെന്നും ബ്രജ് രാജ് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ പ്രധാനമന്ത്രി പറഞ്ഞു.
















