ബംഗാൾ ഉൾക്കടലിൽ ശാന്തമായി വിശ്രമിക്കുന്ന ഒരു ദ്വീപ്. ഒരു വശത്ത് കടൽത്തീരവും മറുവശത്ത് പക്ഷികളുടെ താവളമായ പുലിക്കാട്ട് തടാകവും. 175 കിലോമീറ്റർ വിസ്തൃതിയിൽ വിശാലമായി കിടക്കുന്ന ഭൂമിയിലാണ് ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം വരെ എത്തിച്ച പല ദൗത്യങ്ങളും യാഥാർത്ഥ്യമാക്കിയ സതീഷ് ധവാൻ സ്പേസ് സെന്റർ. കിഴക്കൻ തീരത്ത് ചെന്നൈയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി ആന്ധ്രാപ്രദേശിന്റെ ഭാഗമാണ് ഈ ഭൂമി.
പ്രപഞ്ചത്തിന്റെ വിശാലതയിലേക്കും പ്രശാന്തതയിലേക്കും വഴി തുറക്കുന്ന ഇവിടം ഇന്ന് ഇസ്രോയുടെ ഭാവി തുലാസിലാക്കുകയാണ്. ഇവിടുത്തെ ബഹിരാകാശ നിലയത്തിൽ നിന്നാണ് ഇന്നോളം എല്ലാ ദൗത്യങ്ങളും വിക്ഷേപിച്ചിട്ടുള്ളത്. എന്നാൽ തീരദേശത്തെ മണ്ണൊലിപ്പ് ശ്രീഹരിക്കോട്ടയെ വിഴുങ്ങുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഭാരതത്തിന്റെ അഭിമാനത്തെയും അന്തസിനെയും ബാധിക്കുന്ന പ്രശ്നമാവുകയാണ് ഈ മണ്ണൊലിപ്പ്.
കഴിഞ്ഞ നാല് വർഷത്തിനിടെ 100 മീറ്ററിലധികം തീരമാണ് ഇസ്രോയുടെ സ്പേസ് പോർട്ടിന് നഷ്ടമായത്. ചുഴലിക്കാറ്റ് മൂലം രണ്ട് പ്രധാന റോഡുകൾ നഷ്ടപ്പെട്ടു. 2022-ൽ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഉദ്യോഗസ്ഥർ കടൽക്ഷോഭ ഭീഷണിയെക്കുറിച്ച് പഠനം നടത്താനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിലെ (എൻസിസിആർ) ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിയിരുന്നു. പ്രദേശത്തെ മനുഷ്യനിർമ്മിത പ്രവർത്തനങ്ങളാണ് മണ്ണൊലിപ്പിനും കടൽക്ഷോഭത്തിനും കാരണമായതെന്ന് പഠനത്തിൽ കണ്ടെത്തി.
ദ്വീപിലെ മണ്ണൊലിപ്പിനെ തടഞ്ഞ് ഇസ്രോയുടെ വിക്ഷേപണ കേന്ദ്രത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഡയഫ്രം വാൾ നിർമ്മിക്കുക, ഗ്രോയ്നുകൾ നിർമ്മിക്കുക, പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക,തീരശോഷണം തടയാനായി മണൽ തിട്ട നിർമ്മിക്കുക എന്നിവ ഉൾപ്പെടെയുള്ള പരിഹാര നടപടികൾക്ക് കേന്ദ്രം അംഗീകാരം നൽകുന്നതിനായി കാത്തിരിക്കുകയാണ് ഇസ്രോ. ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യമെന്ന് എൻസിസിആർ ഡയറക്ടർ എംവി രമണ മൂർത്തി പറഞ്ഞു. വലിയ രീതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തിനാകും നാം സാക്ഷ്യം വഹിക്കേണ്ടത്. ഭാവിയിലെ പല ദൗത്യങ്ങൾക്കും വെല്ലുവിളി സൃഷ്ടിക്കാൻ സ്പേസ് പോർട്ട് കാരണമാകരുതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളും ദൗത്യങ്ങളും പരിഗണിക്കുന്നത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ശ്രീഹരിക്കോട്ടയുടെ നിലനിൽപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ വാഹനങ്ങളെ വഹിക്കുന്ന രണ്ട് ലോഞ്ച് പാഡുകളാണ് ശ്രീഹരിക്കോട്ടയിലുള്ളത്. അതീവ സുരക്ഷയാണ് പ്രദേശത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുവെള്ള തടാകമായ പുലിക്കാട്ട് താടകത്തെ മുറിച്ച് കടക്കുന്നതോടെ ദ്വീപിലെത്തുന്നു. ദ്വീപിന് ചുറ്റോടുചുറ്റം കണ്ടൽക്കാടുകളാണ്. ദേശാടന പക്ഷികളുടെ സംഗമഭൂമിയാണ് ഇവിടം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സിആർപിഎഫിന്റെ സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷമാണ് ഇവിടേക്ക് ആളുകളെ കടത്തിവിടുക.
1968 വരെ സംരക്ഷിത വനങ്ങളുള്ള ഒറ്റപ്പെട്ട ദ്വീപ് മാത്രമായിരുന്നു ശ്രീഹരിക്കോട്ട. വരൾച്ചയെ നേരിടാനായി ഒരു കനാലും ചെന്നൈയിലേക്ക് ഇന്ധന മരം കൊണ്ടുപോകാൻ സഹായിക്കുന്നതിനായി തടാകത്തിന് കുറുകെ ഒരു റോഡും മാത്രമാണ് അന്നുണ്ടായിരുന്നത്. റോക്കറ്റ് വിക്ഷേപണത്തിനായി ശാസ്ത്രജ്ഞർ ഇവിടം തിരഞ്ഞെടുക്കുന്നതിന് പല കാരണങ്ങളുണ്ടായിരുന്നു.
ഭൂമധ്യേ രേഖയ്‌ക്ക് സമീപത്താണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഭ്രമണ വേഗതയിൽ നിന്ന് റോക്കറ്റിന് ഉത്തേജനം ലഭിക്കുന്നു. ഇതുവഴി ഭാരം കൂടിയ പേലോഡുകളെ ഉയർത്താനും മികച്ച ഇന്ധനക്ഷമത നൽകുന്നതിനും സഹായിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെയാണ് ശ്രീഹരിക്കോട്ട. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ തന്നെ വിക്ഷേപണം തകരാറിലായാൽ സുരക്ഷിതമായി റോക്കറ്റ് വെള്ളത്തിൽ പതിക്കും. വിക്ഷേപണങ്ങൾ മൂലമുണ്ടാകുന്ന ശക്തമായ പ്രകമ്പനങ്ങൾ കൈകാര്യം ചെയ്യാൻ ദ്വീപിന്റെ ഉറച്ച മണ്ണും അതിനടിയിലുള്ള കട്ടിയുള്ള പാറയുടെ പാളിയും അനുയോജ്യമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ശ്രീഹരിക്കോട്ടയിൽ സ്പേസ് സെന്റർ നിർമ്മിക്കാൻ ഇസ്രോ തീരുമാനിച്ചത്.
ഇതുവരെ ആകെ 91 വിക്ഷേപണങ്ങളാണ് ശ്രീഹരിക്കോട്ടയുടെ മണ്ണിൽ നടന്നത്. അതിൽ 76-ഉം വിജയകരമായിരുന്നു. ആകാശമൊരു പരിധിയല്ലെന്ന് തെളിയിച്ച പല ശാസ്ത്രജ്ഞരുടെയും കാൽപ്പാട് പതിഞ്ഞ മണൽത്തരികളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.















