കേവലമൊരു മുക്കുവഗ്രാമം മാത്രമായിരുന്ന തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന സ്ഥലം ഇന്ത്യൻ ബഹിരാകാശ മേഖലയുടെ കണ്ണായി മാറിയത് വളരെ പെട്ടാന്നായിരുന്നു. 1963 നവംബർ 21-നായിരുന്നു ‘നിക് അപ്പാച്ചെ’ എന്ന ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിംഗ് റോക്കറ്റ് തുമ്പയുടെ മണ്ണിൽ നിന്ന് കുതിച്ചുയർന്നത്. ഈ മഹത്തായ നേട്ടത്തെ ഓർമ്മിക്കപ്പെടുകയാണ് ശാസ്ത്രലോകം.
റോക്കറ്റ് വിക്ഷേപണം പിറവിയെടുത്തതിന്റെ സ്മരണയ്‌ക്കായി ഇസ്രോ നാളെ തുമ്പയിൽ നിന്ന് റോക്കറ്റ് വിക്ഷേപിക്കുമെന്നറിയിച്ചിട്ടുണ്ട്. വിക്ഷേപണത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏകദേശം 3.5 മീറ്റർ നീളമുള്ള റോക്കറ്റാകും വിക്ഷേപിക്കുക. നാളെ രാവിലെ 10.25-ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ രോഹിണി സീരിസിന് കീഴിലുള്ള RH200-സൗണ്ടിംഗ് റോക്കറ്റാകും കുതിച്ചുയരുക.
വിപുലമായ പരിപാടികൾക്കാണ് ഇസ്രോ പദ്ധതിയിടുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. വിക്ഷേപണത്തിന് ശേഷം പ്രമേയ പ്രദർശനവും ശാസ്ത്രജ്ഞരുടെ സാങ്കേതിക ചർച്ചകളും ഉണ്ടായിരിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ആരംഭ കാലഘട്ടത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വിക്ഷേപണം കാണാൻ ക്ഷണിക്കും.
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും. വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി ഡയറക്ടർ ഡോ.വി.നാരായണൻ, മറ്റ് ഇസ്രോ കേന്ദ്രങ്ങളിലെ ഡയറക്ടർമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കനകക്കുന്ന് കൊട്ടാരത്തിന് സമീപം, മാനവീയം വീഥി, പബ്ലിക് ലൈബ്രറിക്ക് സമീപം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ലോഞ്ച് വെഹിക്കിൾ ഇൻസ്റ്റാളേഷനുകൾക്കൊപ്പം സെൽഫി പോയിന്റുകളും സ്ഥാപിച്ചതായി ഇസ്രോ വ്യക്തമാക്കി.
ലോകം കീഴടക്കിയ വമ്പൻ ബഹിരാകാശ ദൗത്യങ്ങളുടെ ആദ്യ ചുവടുവെപ്പുകളായിരുന്നു റോക്കറ്റ് വിക്ഷേപണങ്ങൾ. കാലാവസ്ഥ പഠനത്തിനായിരുന്നു പ്രധാനമായും റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നത്. ബലൂണുകൾ ഉപയോഗിക്കാൻ പറ്റാത്ത അത്ര ഉയരത്തിലും ഉപഗ്രഹങ്ങൾക്ക് കറങ്ങാൻ കഴിയാത്തത്ര താഴെയും ഉള്ള അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താനാണ് സൗണ്ടിംഗ് റോക്കറ്റുകൾ അയക്കുന്നത്. ഇവയിലെ പേലോഡ് ഭൂമിയെ ചുറ്റുകയില്ല. പകരം സാവധാനം താഴോട്ട് വീഴുന്നു. ഇതിനിടയിൽ അന്തരീക്ഷത്തിന്റെ താപനില, മർദ്ദം, ഈർപ്പം, രാസഘടന,കാറ്റ് തുടങ്ങിയവയെ കുറിച്ച് വിവരശേഖരണം നടത്തുന്നു.















