എറണാകുളം: കരുവന്നൂർ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം എം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനെത്തിയത്. ഇന്ന് ഹാജരാകണമെന്ന് ഇഡി നേരത്തെ സമൻസ് അയച്ചിരുന്നു.
കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിലെ 15-ാം പ്രതിയായ സിപിഎം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൺസിലറുമായ പി ആർ അരവിന്ദാക്ഷൻ ജയിലിൽ കഴിയുകയാണ്.
ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരുമുൾപ്പെടെ 50 പേരാണ് പ്രതി പട്ടികയിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. 90 കോടിയുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂർ ബാങ്കിൽ ഇഡി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്തുക്കൾ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി.















