ആരാധകരുടെ പ്രിയതാരം സൂര്യയ്‌ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ വിവരം ഇന്നലെയാണ് പുറത്ത് വന്നത്. സുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബുധനാഴ്ച രാത്രി നടന്ന ചിത്രീകരണത്തിനിടെ റോപ്പ് ക്യാം പൊട്ടി വീണ് താരത്തിന്റെ തോളിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. എന്നാൽ സൂര്യയ്‌ക്ക് നിസ്സാര പരിക്കുകളേ ഉള്ളു എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
ഇന്നലെ വൈകിട്ടോടെ എക്‌സിൽ ആരാധകരുടെ ആകാംക്ഷ നിറഞ്ഞ സന്ദേശങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.. ‘പ്രിയ സുഹൃത്തുക്കളേ, അഭ്യുദേകാംക്ഷികളേ, എന്റെ പ്രിയ ആരാധകരേ, ഗെറ്റ് വെൽ സൂൺ മെസേജുകൾക്ക് ഹൃദയം തൊടുന്ന നന്ദി. ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു. നിങ്ങളുടെ സ്‌നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും’, എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
Dear Friends, well wishers & my #AnbaanaFans
Heartfelt thanks for the outpouring ‘get well soon’ msgs.. feeling much better.. always grateful for all your love 🙂— Suriya Sivakumar (@Suriya_offl) November 23, 2023
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്.















