പത്തനംതിട്ട: ശബരിമലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്. പമ്പ സ്പെഷ്യൽ ഓഫീസറാണ് ഇത് സംബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ശബരിമലയിലെത്തുന്ന ബസുകൾ അലങ്കരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദ്ദേശിച്ചു. ഡിപ്പോ അധികാരികൾക്കെതിരെ കോടതിയലക്ഷ്യ നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുന്നതെന്നും പമ്പ സ്പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി.
ശബരിമലയിലെത്തുന്ന കെഎസ്ആർടിസി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പാലിക്കാതെ അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നുമാണ് കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്.
മുൻ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ ലംഘിച്ച് ഇപ്പോഴും അലങ്കരിച്ച വാഹനങ്ങൾ എത്തുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതൊടെയാണ് പമ്പ സ്പെഷ്യൽ ഓഫീസർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.















