ബെംഗളൂരു: സസ്യാഹാരിയായ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ച സംഭവത്തിൽ അദ്ധ്യപകനെതിരെ പരാതിയുമായി വിദ്യാർത്ഥിനിയുടെ പിതാവ്. കർണാടകയിലെ ഷിവമോഗയിലാണ് സംഭവം. ഏഴു വയസുകാരിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് അദ്ധ്യാപകൻ മുട്ട നൽകിയത്.
സസ്യാഹാരിയായ പെൺകുട്ടി സ്കൂളിൽ നിന്നും കൊടുത്ത മുട്ട കഴിക്കാതിരിക്കുന്നതു കണ്ടപ്പോൾ അദ്ധ്യാപകൻ ഇത് കഴിക്കാനായി കുട്ടിയെ നിർബന്ധിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. തന്നെ കൊണ്ട് ഹൈസ്കൂൾ അദ്ധ്യാപകൻ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ച കാര്യം പെൺകുട്ടി തന്നെയാണ് പിതാവിനോട് പറഞ്ഞത്. ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ട് മുട്ട കഴിപ്പിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
ക്ലാസിൽ പരിപ്പ് വിഭവം കൊണ്ടു വന്നപ്പോൾ അതാണ് തന്റെ മകൾ ആവശ്യപ്പെട്ടതെന്നും എന്നാൽ ആ ആവശ്യം അംഗീകരിക്കാതെ അദ്ധ്യാപകൻ മുട്ട കഴിപ്പിക്കുകയുമായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. ഇതോടെ മകൾ മാനസികമായി തളർന്നിരിക്കുകയാണെന്നും ബ്രാഹ്മണരായ തങ്ങളുടെ മതവികാരമാണ് അദ്ധ്യാപകൻ വ്രണപ്പെടുത്തിയിരിക്കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.