എറണാകുളം: അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ മുലയൂട്ടി വനിതാ പോലീസ്. പാട്ന സ്വദേശിയുടെ നാല് മാസം പ്രായമായ പെൺകുഞ്ഞിനെയാണ് കൊച്ചി നോർത്ത് വനിത പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആര്യ ചേർത്ത് പിടിച്ചത്.
കഴിഞ്ഞ ദിവസമാണ് പാട്ന സ്വസദേശിയായ അജന എന്ന സ്ത്രീ നാലുമക്കളുമായി കഴിഞ്ഞ ദിവസമാണ് കൊച്ചി ജനറൽ ആശുപത്രിയിൽ എത്തിയത്. ഹൃദയ വാൽവിന് തകരാർ ഉള്ളതിനാൽ പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പതിമൂന്നും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾക്ക് പോലീസ് ആഹാരം വാങ്ങി നൽകിയിരുന്നു. എന്നാൽ, നാലുമാസം മാത്രം പ്രായമായ കുട്ടിയുടെ കരച്ചിലടക്കാൻ കഴിയാതെ വന്നതോടെയാണ് കൺട്രോൾ റൂം വഴി വനിതാ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. എസ്എച്ച്ഒ മുലയൂട്ടാമെന്ന് അറിയിച്ചതോടെ കുഞ്ഞിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
കുഞ്ഞിനെ കണ്ടപ്പോൾ തന്നെ തന്റെ കുഞ്ഞിനെ ഓർമ്മ വന്നു എന്നാണ് ആര്യ പറഞ്ഞത്. താൻ 9 മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ കൂടി ആണെന്ന് ആര്യ പറഞ്ഞു. വിശപ്പ് മാറിയതിന് ശേഷം കുഞ്ഞ് സുഖമായി ഉറങ്ങിയെന്നും ആര്യ വ്യക്തമാക്കി. നാല് കുട്ടികളെയും ഇപ്പോൾ ശിശുഭവനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അമ്മയ്‌ക്ക് ഒരാഴ്ച ഇനിയും ആശുപത്രിയിൽ തുടരേണ്ടി വരും. കുട്ടികളുടെ അച്ഛൻ പോലീസ് കേസിൽ പ്രതിയായി ജയിലിലാണ്.