കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കിത്തഷ്ടമി മഹോത്സവത്തിന് തുടക്കം. ഇന്ന് രാവിലെ 8.45-നും 9.05-നും മദ്ധ്യേ ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരയാണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
രാത്രി ഒമ്പതിന് കൊടിപ്പുറത്ത് വിളക്ക് നടക്കും. ഡിസംബർ അഞ്ചിന് രാവിലെ നാലരയ്‌ക്കാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം.ആറാം തീയതി നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് നടത്തപ്പെടുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവ ചടങ്ങുകൾ നടക്കുക. ഉത്സവത്തിന്റെ അഞ്ച്, ആറ്, എട്ട്, 11 തീയതികളിലാണ് ഉത്സവബലി ദർശനം. ഏഴാം ഉത്സവ ദിനമായ നവംബർ 31-ന് ഋഷഭാവന എഴുന്നള്ളിപ്പ് നടക്കും.
എട്ടാം ദിനമായ ഡിസംബർ ഒന്നിന് വടക്കും ചേരി മേൽ എഴുന്നള്ളിപ്പും രണ്ടാം തീയതി തെക്കും ചേരി മേൽ എഴുന്നള്ളിപ്പും നടക്കും. ഒമ്പതാം ഉത്സവ ദിനത്തിൽ ആനച്ചമയ പ്രദർശനം, ഗജപൂജ, ആനയൂട്ട് എന്നിവ നടക്കും. ഗുരുവായൂർ ഇന്ദ്രസെൻ, ഗുരുവായൂർ രാജശേഖരൻ, തിരുനക്കര ശിവൻ, ചിറക്കൽ കാളിദാസൻ, മാവേലിക്കര ഗണപതി തുടങ്ങി 13 ഗജവീരൻമാർ എഴുന്നള്ളിപ്പിനായി ക്ഷേത്രത്തിലെത്തും.