ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ രാജ്യത്ത് രോഗസാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചൈനയിൽ കുട്ടികളിൽ വളരെ വേഗത്തിലാണ് ശ്വാസകോശ രോഗവും ഇൻഫ്‌ളുവൻസയും പടർന്ന് പിടിക്കുന്നത്.
‘ഒക്ടോബർ മാസം മുതൽ ചൈനയിൽ ഇൻഫ്‌ളുവൻസ രോഗവും ശ്വാസകോശ രോഗവും വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുള്ളത്. എന്നാലും രാജ്യത്ത് നീരിക്ഷണവും കരുതലും ശക്തമാക്കും’. ആരോഗ്യ വകുപ്പ് അറിയിച്ചു.
ന്യുമോണിയക്ക് സമാനമായ ശ്വാസകോശ രോഗം കുട്ടികളിൽ വർദ്ധിച്ച് വരുകയാണെന്നും സ്‌കൂളുകളെല്ലാം അടച്ച് തുടങ്ങിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈരോഗവ്യാപനത്തിന് പിന്നിൽ സാധാരണമായ ഒന്നും തന്നെയില്ല എന്നാണ് ചൈനയുടെ വാദം.
രോഗത്തിന്റെ കാരണം അജ്ഞാതമായി തുടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന രോഗത്തെകുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ന്യുമോണിയക്ക് സമാനമായ ശ്വാസകോശ രോഗമാണിതെന്നും രോഗവ്യാപനത്തിന് പിന്നിൽ പുതിയ രോഗകാരികളോ ഒന്നും തന്നെയില്ലായെന്നുമാണ് ചൈനയുടെ ചൈനയുടെ മുപടി. കൊറോണ നിയന്ത്രണകൾ നീക്കിയതിന് ശേഷമാണ് ശ്വാസകോശ രോഗ വ്യാപനം കൂടിയതെന്നും ചൈന വിശദീകരിച്ചു. കുട്ടികളെ ബാധിക്കുന്ന ന്യൂമോണിയ ആയ മൈകോപ്ലാസ്മയും രോഗവ്യാപനത്തിന് കാരണമായെന്നാണ് ചൈനയുടെ വാദം.















