ഭൂമിയിൽ നിന്നും പറന്നുയർന്നാൽ പിന്നീട് മനുഷ്യന് ശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് നമുക്ക് അറിയാം. ഓക്‌സിജൻ ഉപകരണങ്ങളുടെ സംവിധാനത്തോടെ മാത്രമേ ബഹിരാകാശത്ത് സാധ്യമാകൂ. മറ്റു ഗ്രഹങ്ങളിൽ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് നിരവധി പഠനങ്ങളാണ് നടക്കുന്നത്. താമസിയാതെ മറ്റു ഗ്രഹങ്ങളിൽ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചൈനയിൽ നിന്നുമുള്ള ഒരു കൂട്ടം ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വയിലെ ജലത്തിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിവുള്ള എഐ അധിഷ്ഠിത ‘റോബോട്ട് കെമിസ്റ്റ്’ ആണ് ചൈനയിലെ സയൻസ് ആന്റ് ടെക്നോളജി സർവകലാശിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നേച്ചർ സിന്തസിസ് ജേണലിലാണ് ഇതിനെ കുറിച്ച് ഗവേഷകർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രൊഫസർ ജുങ് ജിയാങിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ചൊവ്വയിൽ നിന്നും ഉത്ഭവിച്ചെന്നു കരുതുന്ന ഉൽക്കകൾ പോലുള്ള വസ്തുക്കളിൽ നിന്നും ഉത്‌പ്രേരകങ്ങൾ നിർമ്മിക്കുകയും ഇതിൽ നിന്നും ജലത്തെ വിഘടിപ്പിച്ച് ഓക്‌സിജൻ ഉത്പാദിപ്പിക്കാനും കഴിയുന്ന സംവിധാനം കണ്ടുപിടിച്ചത്. ഈ രീതിയിൽ ഓക്‌സിജൻ മറ്റു ഗ്രഹങ്ങളിൽ വികസിപ്പിച്ചെടുത്താൽ പിന്നീട് ബഹിരാകാശ സഞ്ചാരികൾക്ക് ഓക്‌സിജൻ സിലിണ്ടർ കൊണ്ടു പോകേണ്ടതില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കാർബൺ ഡൈ ഓക്‌സൈഡിനെ വിഘടിപ്പിച്ച് ഓക്‌സിജനുണ്ടാക്കുന്ന മോക്‌സി എന്ന ഉപകരണം നാസയും വികസിപ്പിച്ചിട്ടുണ്ടായിരുന്നു.















