ന്യൂഡൽഹി: അരിവാൾ രോഗവും മറ്റ് 13 അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. അപൂർവ്വ രോഗങ്ങൾക്കുള്ള നാല് തരം മരുന്നാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റ് മരുന്നുകൾ വരും വർഷത്തോടെ പുറത്തിറക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നേരത്തെ മിക്ക അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്ന് വിദേശത്ത് നിന്നായിരുന്നു എത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചെലവുമേറെയായിരുന്നു. 2.5 കോടി രൂപ വിലയുള്ള വിദേശ മരുന്ന് കേവലം 2.5 ലക്ഷം രൂപയ്‌ക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ എണ്ണം കുറയ്‌ക്കാനും അതുവഴി 100 മടങ്ങ് വരെ വില കുറയ്‌ക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വീഡനിൽ നിന്ന് 5 ലക്ഷം രൂപ വിലയിലുള്ള രണ്ട് മില്ലിഗ്രാം ഗുളിക ഇന്ത്യയിൽ 6,500 രൂപയ്‌ക്ക് ലഭ്യമാകും.
നിലവിൽ എട്ട് തരം മരുന്നുകളാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഇവയിൽ നാലെണ്ണമാണ് നിലവിൽ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുക. ടൈറോസിനേമിയ ടൈപ്പ് 1 (Tyrosinemia Type 1), ഗൗച്ചേഴ്‌സ് ഡിസീസ് (Gaucher’s Disease), വിൽസൺസ് ഡിസീസ് (Wilson’s Disease), ഡ്രാവെറ്റ് അല്ലെങ്കിൽ ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളാണ് രാജ്യത്ത് ലഭ്യമാവുക. ഇതിന് പുറമേ അരിവാൾ രോഗം ചികിത്സിക്കുന്നതിനുള്ള മരുന്നായ ഹൈഡ്രോക്‌സിയൂറിയയും കുറഞ്ഞ വിലയിൽ ലഭ്യമാണ്.
ടൈറോസിനേമിയ ടൈപ്പ് 1-നായി ഉപയോഗിക്കുന്ന നിറ്റിസിനോൺ ക്യാപ്സ്യൂളുകൾ പ്രതിവർഷം നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ 2.5 ലക്ഷം രൂപയാണ് ചെലവാകുക. വിദേശരാജ്യങ്ങളിൽ ഇത് 2.2 കോടി രൂപയാണ്. ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്‌ക്കായി ശുപാർശ ചെയ്യുന്ന എലിഗ്ലുസ്റ്റാറ്റ് എന്ന മരുന്ന് പ്രതിവർഷം 3-6 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കും.
വളരെ കുറച്ച് ആളുകളെ മാത്രം ബാധിക്കുന്നതും വ്യാപനം കുറഞ്ഞതുമായ രോഗങ്ങളെയാണ് അപൂർവ്വ രോഗങ്ങളെന്ന് പറയുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 8.4-10 കോടി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ 80 ശതമാനം കേസുകളും ജനിതകാവസ്ഥയിലോ പാരമ്പര്യമായോ ലഭിച്ചതാണ്.















