2018ന് ശേഷം യഥാർത്ഥ സംഭവത്തെ ആധാരമാക്കി മറ്റൊരു സിനിമയൊരുക്കാനൊരുങ്ങി ജൂഡ് ആന്റണി ജോസഫ്. ഇത്തവണ അഡ്വഞ്ചർ- ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമയാണ് ജൂഡ് സംവിധാനം ചെയ്യുന്നത്. 1970 കളിൽ കേരളത്തിൽ നിന്നും പുറപ്പെട്ട് കാണാതായ എം വി കൈരളി എന്ന ചരക്കുകപ്പലിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ ജോസി ജോസഫ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. കൈരളിയുടെ തിരോധാനം പ്രമേയമായ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടന്നതായും ജൂഡ് പറഞ്ഞു.
കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്കുകപ്പലായ എം വി കൈരളി ക്യാപ്റ്റൻ ഉൾപ്പെടെ 49 അംഗങ്ങളുമായി ജിബൂട്ടി വഴി ജർമ്മനിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ അപ്രത്യക്ഷമാവുകയായിരുന്നു. 20,000 ടൺ ഇരുമ്പയിരുമായി ഗോവയിൽ നിന്ന് 1979ലാണ് എം വി കൈരളി പുറപ്പെടുന്നത്. കൈരളി കപ്പലിന് എന്ത് സംഭവിച്ചുവെന്നതറിയാനുള്ള തുടർ അന്വേഷണങ്ങൾ ഒന്നും തന്നെ ഫലം കണ്ടില്ല. ഏറെ ചരിത്ര പ്രാധാന്യമുള്ള എം വി കൈരളിയുടെ തിരോധാനവും വിജയം കണ്ടെത്താത്ത അന്വേഷണവും സിനിമയുടെ ഉള്ളടക്കം. 2024 അവസാനത്തോടെ ആയിരിക്കും സിനിമയിലേക്ക് കടക്കുന്നത്.
2018 ന്റെ ഓസ്കർ നോമിനേഷനുള്ള പ്രചരണങ്ങൾക്കായി ലോസ് ആഞ്ചൽസിലാണ് നിലവിൽ ജൂഡ് ആന്റണി ഉള്ളത്. അക്കാഡമി മെംബേഴ്സിന് ഉൾപ്പെടെ സിനിമയുടെ സ്ക്രീനിംഗ് തുടരുകയാണ്.















